പാരീസ്: ഫ്രാൻസിൽ കത്തോലിക്കാ ദേവാലയങ്ങൾക്കു തീപിടിക്കുന്നതു തുടർക്കഥയാകുന്നു. വടക്കൻ ഫ്രാൻസിലെ സാന്ത്ഒമേപ്രർ പട്ടണത്തിലെ അമലോത്ഭവമാതാ പള്ളിയാണ് തിങ്കളാഴ്ച പുലർച്ചെ അഗ്നിക്കിരയായത്. രാവിലെ 4.30നാണ് അഗ്നിബാധ കണ്ടെത്തിയത്.
നൂറോളം അഗ്നിശമനസേനാംഗങ്ങൾ തീയണക്കാൻ ശ്രമിച്ചെങ്കിലും പള്ളിയുടെ നിയോഗോത്തിക് മണിമാളികയും മേൽക്കൂരയും കത്തിയമർന്നു. അനേകലക്ഷം യൂറോയുടെ നഷ്ടമുണ്ടായതായും പുനരുദ്ധാരണ പ്രവർത്തനങ്ങൾ വർഷങ്ങൾ നീളുമെന്നും വികാരി ഫാ. റൂസെൽ പറഞ്ഞു.
1859ൽ പണി പൂർത്തിയായ പള്ളി രണ്ടു ലോകയുദ്ധങ്ങളെ അതിജീവിച്ചതാണ്.
2018ലെ നവീകരണത്തിനുശേഷം ഇപ്പോഴുണ്ടായ ഈ തീപിടിത്തം ഇടവകാംഗങ്ങളെ ദുഃഖത്തിലാഴ്ത്തിയെന്ന് ഫാ. റൂസെൽ പറഞ്ഞു.
പള്ളിയിൽ കയറി തീവച്ചതെന്നു സംശയിക്കുന്ന പ്രതിയെ തിങ്കളാഴ്ച വൈകുന്നേരംതന്നെ അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സമാനകുറ്റകൃത്യങ്ങൾ ചെയ്തിട്ടുള്ള ഇയാൾ പള്ളിയുടെ ജനാല തകർത്താണ് അകത്തു കയറിയത്. പ്രതിയെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.