ബെൽഫാസ്റ്റ്: എഴുപതാം വാർഷികം ആഘോഷിച്ച ദിവസംതന്നെ നോർത്ത് അയർലൻഡിലെ ആംഗ്ലിക്കൻ പള്ളി തീപിടിച്ചു നശിച്ചു. ആന്റ്റിം കൗണ്ടിയിലെ തിരുനാമത്തിന്റെ പള്ളിയാണ് ആഘോഷദിവസംതന്നെ അഗ്നിക്കിരയായത്.
പള്ളിയിൽ തീപടരുന്നത് ഇടവകക്കാർക്കൊപ്പം കണ്ടുനിൽക്കേണ്ടിവന്നതു ഹൃദയഭേദകമായ അനുഭവമായിരുന്നെന്ന് ആഘോഷത്തിനു വന്ന ബിഷപ് ജോർജ് ഡേവിസൺ ഫേസ്ബുക്കിൽ കുറിച്ചു.
പള്ളിക്കും പാരിഷ്ഹാളിനും നാശംവരുത്തിയ തീപിടിത്തം രാത്രി പത്തോടുകൂടിയാണ് നിയന്ത്രണവിധേയമാക്കിയത്. ആന്റ്റിമിലെ പള്ളി അടുത്ത 70 വർഷവും പിന്നിടും അവിടെത്തന്നെ ഉണ്ടാകുമെന്ന് സ്ഥലത്തുനിന്നുള്ള എംപി സ്റ്റുവാർട്ട് ഡിക്സൺ പറഞ്ഞു. ഇടവകക്കാർ പുനർനിർമാണത്തിനുള്ള ഫണ്ടുശേഖരണം ആരംഭിച്ചു.
ഐറിഷ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് പള്ളിക്ക് ആരോ മനഃപൂർവം തീവച്ചതാണെന്നാണ് പോലീസ് കരുതുന്നത്. കുറ്റവാളികളെ കണ്ടെത്താനുള്ള സൂചനകൾക്കായി പോലീസ് പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്.