വാഷിംഗ്ടൺ: മുംബൈ ഭീകരാക്രമണത്തിന്റെ പിന്നിൽ പ്രവർത്തിച്ച കനേഡിയൻ വ്യവസായിയും പാക് പൗരനുമായ തഹാവൂർ ഹുസൈൻ റാണയെ ഇന്ത്യക്കു കൈമാറാൻ അനുമതി.
ഇന്ത്യയും യുഎസും തമ്മിലുള്ള കരാർ വഴി തഹാവൂര്‍ റാണയുടെ നാടുകടത്തൽ നിയമപരമാവുകയാണെന്ന് യുഎസ് അപ്പീല്‍ കോടതിയാണു വ്യക്തമാക്കിയത്. ഇന്ത്യയിലേക്ക് അയയ്ക്കാനുള്ള മജിസ്ട്രേറ്റ് കോടതിവിധി ചോദ്യംചെയ്ത് 63 കാരനായ തഹാവൂര്‍ റാണയാണു കോടതിയെ സമീപിച്ചത്.
മുംബൈ ഭീകരാക്രമണത്തിലുള്ള പങ്കാളിത്തം ചൂണ്ടിക്കാട്ടിയാണ് തഹാവൂർ റാണയെ വിട്ടു കിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നത്. ഇതുമായി ബന്ധപ്പെട്ട കേസിൽ ചോദ്യംചെയ്യുന്നതിനു വിട്ടുകിട്ടണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം.
റാണയ്ക്കുമേൽ ആരോപിക്കപ്പെട്ട കുറ്റം അമേരിക്കയും ഇന്ത്യയും തമ്മിലുള്ള കൈമാറൽ ഉടന്പടിയുടെ നിബന്ധനകൾക്കുള്ളിൽ വരുന്നതാണെന്ന് അപ്പീൽ കോടതി വ്യക്തമാക്കുകയായിരുന്നു. റാണയെ യുഎസിൽ കുറ്റവിമുക്തനാക്കിയ കുറ്റകൃത്യങ്ങളിൽനിന്ന് വ്യത്യസ്തമായവ ഇന്ത്യയുടെ ആരോപണങ്ങളിലുണ്ടെന്നും വിധിന്യായത്തിൽ പറയുന്നുണ്ട്.
ലോസ് ആഞ്ചൽസിലെ ജയിലിലാണ് തഹാവൂർ റാണ ഇപ്പോൾ. ലഷ്കർ ഇ ത്വയ്ബ ഭീകരനായ പാക്-അമേരിക്കൻ പൗരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിയുടെ ഉറ്റ അനുയായി ആണ് ഇയാൾ. 160തിലേറെപ്പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ മൂഖ്യസൂത്രധാരരിൽ ഒരാൾ ഹെഡ്ലിയാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.