ധാക്ക: വിദ്യാർഥി പ്രക്ഷോഭത്തിന്റെ മറവിൽ കലാപകാരികൾ അഴിഞ്ഞാടുന്ന ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ കടുത്ത ഭീതിയിൽ.
രാജ്യത്തെ 64 ജില്ലകളിൽ 45 ജില്ലകളിലും ന്യൂനപക്ഷങ്ങൾക്കുനേരെ, പ്രത്യേകിച്ച് ഹൈന്ദവർക്കെതിരേ സംഘടിത ആക്രമണം തുടരുകയാണ്. നിരവധി വീടുകളും സ്ഥാപനങ്ങളും ക്ഷേത്രങ്ങളും തകർക്കപ്പെട്ടു. കൊല്ലപ്പെട്ട ഹൈന്ദവ വിഭാഗക്കാരിൽ അവാമി ലീഗിന്റെ രണ്ട് മുനിസിപ്പൽ കൗൺസിലർമാരും ഉൾപ്പെടുന്നു.
ന്യൂനപക്ഷ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സ്കൂളിനുനേരെ കലാപകാരികൾ നടത്തിയ ആക്രമണത്തിൽ ഒരു അധ്യാപിക കൊല്ലപ്പെടുകയും 45 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ബംഗ്ലാദേശ് ഹിന്ദു-ബുദ്ധിസ്റ്റ്-ക്രിസ്ത്യൻ യൂണിറ്റി കൗണ്‍സിൽ അറിയിച്ചു.
പ്രാണരക്ഷാർത്ഥം നൂറുകണക്കിന് ഹൈന്ദവരാണ് ഇന്ത്യയിലേക്കു രക്ഷപ്പെടാനായി കഴിഞ്ഞദിവസങ്ങളിൽ അതിർത്തിയിലെത്തിയത്. എന്നാൽ, അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയതിനാൽ ഇവർക്കെല്ലാം തിരികെ മടങ്ങേണ്ടിവന്നു.
എല്ലാവിഭാഗം ജനങ്ങൾക്കും സംരക്ഷണം നൽകുമെന്നും ജനാധിപത്യം ഉറപ്പുവരുത്തുമെന്നും ഇടക്കാല സർക്കാരിന് നേതൃത്വം നൽകുന്ന മുഹമ്മദ് യൂനുസ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഭരണം നടത്തുക തീവ്ര സംഘടനകളായതിനാൽ തങ്ങളുടെ സുരക്ഷയിൽ വലിയ ആശങ്കയുണ്ടെന്നാണ് രാജ്യത്തെ ന്യൂനപക്ഷങ്ങൾ പറയുന്നത്.