ധാക്ക: ഷേഖ് ഹസീന പ്രധാനമന്ത്രിപദം രാജിവച്ച് പലായനം ചെയ്തതിനെത്തുടർന്ന് ബംഗ്ലാദേശിൽ ഉന്നത പദവി വഹിക്കുന്നവരുടെ രാജി തുടരുന്നു. ബംഗ്ലാദേശ് ബാങ്ക് ഗവർണർക്കു പിന്നാലെ രണ്ടു ഡെപ്യൂട്ടി ഗവർണർമാരും ഫിനാഷൽ ഇന്റലിജൻസ് യൂണിറ്റ് (ബിഎഫ്യുഐ) തലവനും രാജിവച്ചു.
ഇടക്കാല സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണു രാജി. സെൻട്രൽ ബാങ്ക് ഉപദേഷ്ടാവും രാജിവച്ചവരിൽ ഉൾപ്പെടുന്നതായി ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ചയാണു ബംഗ്ലാദേശ് ബാങ്ക് ഗവർണർ അബ്ദുർ റൗഫ് താലൂക്ദാർ രാജിവച്ചത്.
വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് അദ്ദേഹം അറിയിച്ചിരുന്നത്. ഡെപ്യൂട്ടി ഗവർണമാരായ സയ്ദുർ റഹ്മാനും ഖുർഷിദ് ആലവും തിങ്കളാഴ്ച രാവിലെയാണു രാജി സമർപ്പിച്ചത്. ധനകാര്യമന്ത്രാലയം ഞായറാഴ്ച ഇവരോടു രാജി ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കുള്ളിൽ രാജി സമർപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ബിഎഫ്യുഐ തലവൻ മസൂദ് ബിശ്വാസും ധനകാര്യ സെക്രട്ടറിക്ക് തിങ്കളാഴ്ച രാജി സമർപ്പിച്ചു.
ബംഗ്ലാദേശ് ബാങ്ക് ഉപദേഷ്ടാവ് അബു ഫറ നാസറും രാജി സമർപ്പിച്ചു. സെൻട്രൽ ബാങ്ക് ഗവർണറും നാല് ഡെപ്യൂട്ടി ഗവർണർമാരും ബിഎഫ്യുഐ തലവനും രാജിവയ്ക്കണമെന്ന് നേരത്തേ പ്രക്ഷോഭകർ ആവശ്യപ്പെട്ടിരുന്നു. പ്രക്ഷോഭകർ ഒരു ഘട്ടത്തിൽ സെൻട്രൽ ബാങ്കിന്റെ പ്രധാന കെട്ടിടത്തിലെ ഗവർണറുടെ ഓഫീസിൽ പ്രവേശിക്കുകയും ഡെപ്യൂട്ടി ഗവർണർമാരിൽ ഒരാളെ വെള്ളക്കടലാസിൽ ഒപ്പിടാൻ നിർബന്ധിക്കുകയും ചെയ്തതായി പത്രം റിപ്പോർട്ട് ചെയ്തു.
മറ്റുള്ളവരെ ഓഫീസിൽനിന്നു പുറത്തിറക്കിവിടുകയും ചെയ്തിരുന്നു. ഇവർ പിന്നീട് ഓഫീസിലേക്ക് എത്തിയിട്ടില്ല. തിങ്കളാഴ്ച ഇവർ ഔദ്യോഗികമായി തങ്ങളുടെ രാജിക്കത്ത് സർക്കാരിനു കൈമാറി.
ബാങ്കിംഗ് മേഖലയിലെ ക്രമക്കേടുകൾക്കും അഴിമതിക്കും ഉത്തരവാദികളാണിവരെന്നാണ് പ്രക്ഷോഭകർ ആരോപിക്കുന്നത്. വിദ്യാർഥി പ്രക്ഷോഭകരുടെ അന്ത്യശാസനത്തെത്തുടർന്ന് ബംഗ്ലാദേശ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഒബെയ്ദുൾ ഹസനും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. പ്രക്ഷോഭത്തെത്തുടർന്ന് ഈ മാസം അഞ്ചിനാണ് ഷേഖ് ഹസീന പ്രധാനമന്ത്രിപദം രാജിവച്ച് ഇന്ത്യയിലേക്കു പലായനം ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച, നൊബേൽ ജേതാവായ സാമ്പത്തികവിദഗ്ധൻ പ്രഫ. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരമേറ്റിരുന്നു. യൂനസിനെ സഹായിക്കാൻ 16 അംഗ ഉപദേശക സമിതിയെയും പ്രഖ്യാപിച്ചിട്ടുണ്ട്.