ന്യൂഡൽഹി: മുത്തലാക്ക് മുസ്ലിം സ്ത്രീകളുടെ അവസ്ഥ ദയനീയമാക്കുമെന്നും ഇതു വിവാഹമെന്ന സാമൂഹിക വ്യവസ്ഥിതിക്ക് ദോഷകരമാണെന്നും കേന്ദ്ര സർക്കാർ.
മുത്തലാക്ക് ക്രിമിനൽ കുറ്റമാക്കിയ നിയമനിർമാണത്തിനെതിരേ കേരള ജം ഇയ്യത്തുൽ ഉലമ നൽകിയ ഹർജിയിലാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.
മുത്തലാക്ക് 2017ൽ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. എങ്കിലും മുത്തലാക്കിലൂടെയുള്ള വിവാഹമോചനം കുറയ്ക്കാൻ സാധിച്ചിട്ടില്ലെന്നും കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
മുത്തലാക്ക് ചൊല്ലി ഒഴിയുന്ന യുവതികള്‍ക്കു പോലീസിനെ സമീപിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. നിയമത്തില്‍ ശിക്ഷാനടപടികള്‍ ഇല്ലാത്തതിനാല്‍ ഭര്‍ത്താക്കന്മാര്‍ക്കെതിരേ നടപടിയെടുക്കാന്‍ കഴിയാതെ പോലീസും നിസഹായരാണ്. ഇതു തടയാന്‍ കര്‍ശനമായ നിയമവ്യവസ്ഥകള്‍ കൊണ്ടുവരേണ്ടത് അടിയന്തര ആവശ്യമാണെന്നും സര്‍ക്കാര്‍ കോടതിയിൽ ചൂണ്ടിക്കാട്ടി.
മുത്തലാക്ക് സമ്പ്രദായം സുപ്രീംകോടതി അസാധുവാക്കിയതിനാല്‍ അതു ക്രിമിനല്‍ കുറ്റമാക്കേണ്ട ആവശ്യമില്ലെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ എതിര് സത്യവാങ്മൂലം സമര്‍പ്പിച്ചത്.