കോൽക്കത്ത: ആർജി കർ മെഡിക്കൽ കോളജിൽ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പിജി ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്.
ശരീരത്തിൽ 14 മുറിവുകൾ ഉള്ളതായാണു റിപ്പോർട്ടിൽ പരാമർശിക്കുന്നത്. യുവതിയുടെ തല, മുഖം, കഴുത്ത്, കൈകൾ, ജനനേന്ദ്രിയം എന്നിവയിലാണ് മുറിവുകൾ. മുറിവുകളെല്ലാം കൊല്ലപ്പെടുന്നതിനു മുന്പുണ്ടായതെന്നാണ് കണ്ടെത്തൽ.
കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ചാണു കൊലപ്പെടുത്തിയത്. കൊല്ലപ്പെടുന്നതിനു മുന്പ് കടുത്ത ലൈംഗികപീഡനത്തിനു വിധേയയായി. ശ്വാസകോശത്തിൽ രക്തസ്രാവം കണ്ടെത്തി. എന്നാൽ, ശരീരത്തിൽ ഒടിവിന്റെ ലക്ഷണങ്ങളില്ല. രക്തവും മറ്റു ശരീരദ്രവങ്ങളും കൂടുതൽ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
അതേസമയം, യുവഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനും യുവതിയുടെ പേര് വെളിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടും രണ്ടു ഡോക്ടർമാർ പോലീസിനു മുന്നിൽ ഹാജരായി. മുതിർന്ന ഡോക്ടർമാരായ കുനാൽ സർക്കാരും സുബർണ ഗോസ്വാമിയുമാണു പോലീസിനു മുന്പാകെ ഹാജരായത്.
കോൽക്കത്തയിൽ ഡോക്ടർമാരുടെ മാർച്ചിനു നേതൃത്വം നൽകുന്നതിനിടെയാണ് ഇരുവരെയും പോലീസ് ആസ്ഥാനത്തെത്തിച്ചത്. ഡോക്ടർമാരുടെ മാർച്ച് അടിച്ചമർത്താനാണ് പോലീസ് ശ്രമിക്കുന്നതെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് കുനാൽ സർക്കാർ പറഞ്ഞു.
സമരക്കാരെ ഭീഷണിപ്പെടുത്തി ഉദയൻ ഗുഹ
ഡോക്ടറുടെ മരണത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തി തൃണമൂൽ കോണ്ഗ്രസ് നേതാവ് ഉദയൻ ഗുഹ രംഗത്ത്. മമത ബാനർജിക്കെതിരേ വിരൽ ചൂണ്ടിയാൽ ആ വിരൽ ഒടിക്കുമെന്നായിരുന്നു ഉദയൻ ഗുഹയുടെ ഭീഷണി. പശ്ചിമബംഗാളിനെ മറ്റൊരു ബംഗ്ലാദേശായി മാറാൻ ഒരിക്കലും അനുവദിക്കില്ലെന്നും ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്.
അതേസമയം, മെഡിക്കൽ കോളജ് വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധം പതിനൊന്നാം ദിവസവും ബംഗാളിൽ ആശുപത്രി സേവനങ്ങൾ സ്തംഭിപ്പിച്ചു. ഈ മാസം ഒന്പതിനാണ് ആർജി കർ മെഡിക്കൽ കോളജിലെ സെമിനാർ ഹാളിൽനിന്നു വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തുന്നത്.
സംഭവത്തിൽ സഞ്ജയ് റോയ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് രാജ്യത്ത് ഉയർന്നത്. പ്രതിഷേധം കടുത്തതിന്റെ പശ്ചാത്തലത്തിൽ ആർജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷ് രാജിവച്ചിരുന്നു. ഇയാളെ നാലാം ദിവസവും സിബിഐ ചോദ്യം ചെയ്തു.