ന്യൂഡൽഹി: ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ട നടപടികൾ നിർദേശിക്കാൻ സമിതിയെ നിയോഗിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കോൽക്കത്തയിൽ യുവഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ തീരുമാനം.
സമിതി മുൻപാകെ സംസ്ഥാന സർക്കാരുകളുൾപ്പെടെ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട വിവിധ ഏജൻസികൾക്ക് നിർദേശങ്ങൾ പങ്കുവയ്ക്കാമെന്നും ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലും ആവശ്യമായ നിയമ നിർമാണം ഇതിനോടകം നടത്തിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
ഫെഡറേഷൻ ഓഫ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ (ഫോർഡ), ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ), ഡൽഹിയിലെ സർക്കാർ മെഡിക്കൽ കോളജുകളിലെയും ആശുപത്രികളിലെയും റസിഡന്റ് ഡോക്ടർമാരുടെ അസോസിയേഷനുകളുടെ പ്രതിനിധികൾ തുടങ്ങിയവരുമായി കേന്ദ്രസർക്കാർ നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് കമ്മിറ്റി രൂപീകരിക്കാൻ തീരുമാനമായത്.
ജോലിസ്ഥലത്ത് ആരോഗ്യപ്രവർത്തകരുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ വിവിധ സംഘടനകൾ അറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച വ്യക്തമായ ധാരണ കേന്ദ്രസർക്കാരിനുണ്ടെന്നും സംഘടനകൾ ഉന്നയിച്ച ആശങ്കകൾക്ക് പരിഹാരമുണ്ടാക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
സമരം ചെയ്യുന്ന ഡോക്ടർമാർ പൊതുതാത്പര്യം കണക്കിലെടുത്ത് ജോലിയിൽ തിരികെ പ്രവേശിക്കണമെന്നും കേന്ദ്രസർക്കാർ അഭ്യർഥിച്ചു.