ന്യൂഡൽഹി: കോൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് രാജ്യമെങ്ങും ഡോക്ടർമാരുടെ സമരം തുടരുന്നു.
വിഷയത്തിൽ സുപ്രീംകോടതി ഇടപെട്ടെങ്കിലും കൃത്യമായ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണു ഡോക്ടർമാരുടെ ആരോപണം. കൊല്ലപ്പെട്ട ഡോക്ടർക്ക് അടിയന്തരമായി നീതി ലഭ്യമാക്കണമെന്നും ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്ക്കായി പ്രത്യേക നിയമം നടപ്പാക്കണമെന്നുമാണ് ഡോക്ടർമാരുടെ ആവശ്യം.
ഇക്കാര്യം പലതവണ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നീക്കവും ഉണ്ടായില്ലെന്നും ഉറപ്പുകൾ മാത്രമാണു ലഭിക്കുന്നതെന്നും ഡോക്ടർമാർ കുറ്റപ്പെടുത്തി. ഇപ്പോൾ രൂപീകരിച്ച ദേശീയ ദൗത്യസേനയ്ക്കു സമാനമായ കമ്മിറ്റി മുൻപും രൂപീകരിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു.
ഡൽഹി ജന്തർ മന്തറിൽ ഡോക്ടർമാർ ഇന്നലെ കുത്തിയിരുപ്പു സമരം നടത്തി. പ്രതിഷേധത്തിൽ ഡൽഹി എയിംസ്, ലേഡി ഹാർഡിംഗ് മെഡിക്കൽ കോളജ്, മൗലാന ആസാദ് മെഡിക്കൽ കോളജ് തുടങ്ങിയ ആശുപതികളിൽനിന്നുള്ള നിരവധി ഡോക്ടർമാർ പങ്കെടുത്തു.
എയിംസിലെ റസിഡന്റ് ഡോക്ടർമാർ വഴിയാത്രക്കാർക്ക് ജന്തർ മന്തറിൽ സൗജന്യ ഒപി സേവനങ്ങൾ നൽകിയാണു പ്രതിഷേധിച്ചത്. യൂണിവേഴ്സിറ്റി കോളജ് ഓഫ് മെഡിക്കൽ സയൻസസിലെ യുവഡോക്ടർമാർ ജോലിസ്ഥലത്തെ ഡോക്ടർമാരുടെ സുരക്ഷിതത്വം ഉയർത്തിക്കാട്ടുന്ന സ്കിറ്റും അവതരിപ്പിച്ചു.