കൽപ്പറ്റ: പാറക്കെട്ടുകൾക്കടിയിലും പതഞ്ഞ ചെളിയിലും പുഴയിലെ ചുഴികളിലും മറഞ്ഞിരിക്കുന്ന 119 പേരെ പാതിയിലിട്ട് സർക്കാർ ദുരന്തഭൂമിയിലെ തെരച്ചിൽ അവസാനിപ്പിക്കുന്നു. തെരച്ചിൽ നിർത്തുന്നതിന്റെ ഭാഗമായി സന്നദ്ധപ്രവർത്തകർക്കടക്കം ഭക്ഷണം വിളന്പിയിരുന്ന കമ്യൂണിറ്റി കിച്ചണ്‍ അടച്ചു.
കേന്ദ്ര-സംസ്ഥാന സേനകളിലെ ഭൂരിപക്ഷം പേരെയും മടക്കിവിളിച്ചുകഴിഞ്ഞു. പുന്നപ്പുഴയുടെ സ്വാഭാവിക ഒഴുക്ക് സുഗമമാക്കാൻ രണ്ടു ജെസിബികളുമായി വിരലിലെണ്ണാവുന്നവർ മാത്രമാണ് ഇനി ദുരന്തഭൂമിയിൽ ബാക്കിയുള്ളത്.
ജനരോഷം ഭയന്ന് ഔദ്യോഗികമായി തെരച്ചിൽ നിർത്തിയതായി പ്രഖ്യാപിക്കുന്നില്ലെങ്കിലും ഫലത്തിൽ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം പ്രദേശങ്ങളുൾപ്പെടുന്ന ദുരന്തഭൂമിയിൽനിന്ന് പൂർണമായി മടങ്ങാനൊരുങ്ങുകയാണു സർക്കാർ സംവിധാനങ്ങൾ.
ദിവസങ്ങൾക്കു മുന്‍പ് ദുരന്തമുഖത്ത് നടന്നുവന്നിരുന്ന ജനകീയ തെരച്ചിലും വിദഗ്ധ പരിശീലനം നേടിയവരടങ്ങുന്ന സംഘവുമായി ചാലിയാറിൽ നടത്തിയ തെരച്ചിലും അധികൃതർ നിർത്തി. ഇനിയും കാണാമറയത്തുള്ളവരെ കണ്ടെത്താനായി പ്രത്യേക ഉപകരണങ്ങളോ ഡോഗ് സ്ക്വാഡോ വിദഗ്ധ പരിശീലനം സിദ്ധിച്ചവരോ നിലവിൽ ദുരന്തമുഖത്തില്ല.
ദുരന്തവുമായി ബന്ധപ്പെട്ട് നേരത്തേ ദിവസവും നടത്തിയിരുന്ന മന്ത്രിസഭാ ഉപസമിതിയുടെ വാർത്താസമ്മേളനങ്ങളും ഇപ്പോഴില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൃതദേഹങ്ങളോ ശരീരഭാഗങ്ങളോ കണ്ടെത്താൻ കഴിയാത്തതാണു തെരച്ചിലവസാനിപ്പിക്കാൻ കാരണമെന്നാണ് വിലയിരുത്തുന്നത്.
എന്നാൽ നൂറിലേറെ പേർ ഇപ്പോഴും കാണാമറയത്തുള്ള സാഹചര്യത്തിൽ സൂചിപ്പാറ വെള്ളച്ചാട്ടം, കാന്തൻപാറ ഉൾപ്പെടെ ദുർഘട മേഖലകളിലും ചാലിയാറിന്റെ കൈവഴികളിലും തെരച്ചിൽ തുടരണമെന്നാണു കുടുംബങ്ങളുടെ ആവശ്യം.