കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍ പൊട്ടല്‍ ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ കേന്ദ്ര സംഘം വെള്ളിയാഴ്ച ജില്ലയിലെത്തും. കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുണ്ടക്കൈ, ചൂരല്‍മല സന്ദര്‍ശിക്കുന്നത്.
രാവിലെ 10 ന് കല്‍പ്പറ്റ എസ്കെഎംജെ സ്കൂള്‍ മൈതാനത്ത് എത്തുന്ന സംഘം പിന്നീട് ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. വൈകുന്നേരം 3.30 ന് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും.
ഓയില്‍ സീഡ് ഹൈദരബാദ് ഡയറക്ടര്‍ ഡോ. കെ. പൊന്നുസ്വാമി, ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യാ ഡെപ്യൂട്ടി ഡയറക്ടര്‍ വി. അമ്പിളി, കേന്ദ്ര റോഡ് ഗതാഗത വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ബി.ടി. ശ്രീധര, ധനകാര്യ വകുപ്പിന് കീഴിലുള്ള എക്സ്പെന്റീച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സുപ്രിയ മാലിക്, സിഡബ്ല്യൂസി ഡയറക്ടര്‍ കെ.വി. പ്രസാദ്, ഊര്‍ജ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്.കെ. തിവാരി, ഗ്രാമ വികസന വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി രമാവതര്‍ മീണ എന്നിവരാണ് കേന്ദ്ര സംഘത്തിലുള്ളത്.
റവന്യു ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, കെഎസ്ഡിഎംഎ മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍. കുര്യാക്കോസ്, കെഎസ്ഡിഎംഎ കോര്‍ഡിനേറ്റിംഗ് ഓഫീസര്‍ എസ്. അജ്മല്‍, നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്ററിലെ ജിയോ ഹസാര്‍ഡ് സയിന്റിസ്റ്റ് ഡോ. തപസ് മര്‍ത്ത എന്നിവര്‍ സംഘത്തെ അനുഗമിക്കും.
അതേ സമയം, വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖല പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച സന്ദര്‍ശിക്കും. രാവിലെ 11.20 ഓടെ കണ്ണൂരിലെത്തുമെന്നാണ് വിവരം. കണ്ണൂരിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലാകും വയനാട്ടിലെത്തുക.