കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സമാന ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാന്‍ മാറ്റി.
മീനച്ചില്‍ സ്വദേശി ജയിംസ് വടക്കന്‍ നല്കിയ ഹര്‍ജി ജസ്റ്റീസുമാരായ മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഇന്നലെ പരിഗണിച്ചത്.
നേരത്തേ ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ബെഞ്ച് ജയിംസ് വടക്കന്റെ ഹര്‍ജിയും വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണം, ഉരുള്‍പൊട്ടല്‍ മേഖലയിലുള്ളവരെ പുനരധിവസിപ്പിക്കണം, പ്രദേശത്തെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കണം, പ്രദേശത്തെ അനധികൃത നിർമാണം, ഖനനം, കൈയേറ്റം എന്നിവ സിബി പോലുള്ള ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.