തിരുവനന്തപുരം: ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഇന്നു ജനകീയ തിരച്ചിൽ പ്ലാൻ ചെയ്തിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ദുരിതാശ്വാസ ക്യാന്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരെക്കൂടി ഉൾപ്പെടുത്തിയാണു തിരച്ചിൽ നടത്തുക. ദുരന്തത്തിന് ഇരകളായവരിൽ തിരച്ചിലിൽ പങ്കെടുക്കാൻ താത്പര്യമുള്ളവരെ വാഹനങ്ങളിൽ വീടുകൾ നിലനിന്നിരുന്ന സ്ഥലങ്ങളിലെത്തിക്കും.
സുരക്ഷാ ഉദ്യോഗസ്ഥരുടെയും മറ്റു തിരച്ചിൽ സംഘങ്ങളുടെയും കൂടെയായിരിക്കും ഇവരെ ദുരന്തമുണ്ടായ സ്ഥലങ്ങളിലേക്ക് അയയ്ക്കുക. ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളെ ആറു മേഖലകളിലായി തിരിച്ചാണ് തിരച്ചിൽ നടത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിനകം സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ചുള്ള തിരച്ചിൽ ഇവിടങ്ങളിൽ നടത്തിയതാണെങ്കിലും ബന്ധുക്കളിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് ആരെയെങ്കിലും കണ്ടെത്താനാകുമോ എന്ന അവസാനവട്ട പരിശ്രമമാണ് ഇതിലൂടെ ഉദേശിക്കുന്നത്.