കൽപ്പറ്റ: ഉരുൾപൊട്ടൽ തുടച്ചുനീക്കിയ മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങളിൽനിന്നു ദുരിതാശ്വാസ ക്യാന്പുകളിലെത്തിയവർക്കു സാന്ത്വനവുമായി തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. ദുരിതാശ്വാസ ക്യാന്പുകളിൽ മൂന്നെണ്ണം പ്രവർത്തിക്കുന്ന മേപ്പാടിയിൽ ഇന്നലെ ഉച്ചയോടെ എത്തിയ അദ്ദേഹം ദുരന്തബാധിതരെ സന്ദർശിച്ചു.
വേർപെട്ടുപോയ പ്രിയപ്പെട്ടവരെയും കാണാതായവരെയും ഭാവിജീവിതത്തെയുംകുറിച്ചുള്ള ചിന്തയിൽ പകച്ചുനിൽക്കുന്നവരെയും മാർ പാംപ്ലാനി ആശ്വസിപ്പിച്ചു. മേപ്പാടി ഗവ. എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിൽ കുട്ടികളുമായി അദ്ദേഹം സംവദിച്ചു.
ക്യാന്പിൽ കഴിയുന്നവർക്ക് ഭക്ഷണം പാകം ചെയ്തു വിതരണം ചെയ്യുന്നതിന് എകെസിസി ഒരുക്കിയ അടുക്കള മാർ പാംപ്ലാനി സന്ദർശിച്ചു. പാചകപ്പുരയിലും പുറത്തും സേവനം ചെയ്യുന്ന എകെസിസി, കെസിവൈഎം, മിഷൻ ലീഗ് പ്രവർത്തകരെ അഭിനന്ദിച്ചു. എകെസിസി ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ മാർ പാംപ്ലാനിക്കൊപ്പം ഉണ്ടായിരുന്നു. ഉരുൾപൊട്ടലിനെത്തുടർന്ന് താത്കാലിക അഭയമൊരുക്കിയ ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് പള്ളിയും ദുരന്തഭൂമിയും സന്ദർശിച്ചശേഷമായിരുന്നു മടക്കം.