തിരുവനന്തപുരം: വയനാട് ദുരന്ത ബാധിത മേഖലയിൽ വായ്പകൾ എഴുതിത്തള്ളുമോ? അതോ ആറുമാസത്തേയ്ക്കു മോറട്ടോറിയം പ്രഖ്യാപിക്കുമോ? വയനാട് ദുരന്ത മേഖലയിലെ വായ്പകളുടെ കാര്യം തീരുമാനിക്കാൻ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ അടിയന്തര യോഗം ഇന്നു തിരുവനന്തപുരത്തു ചേരും. രാവിലെ 10.30നു ചേരുന്ന എസ്എൽബിസി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ പങ്കെടുക്കും.
വയനാട് ദുരന്ത മേഖലയിൽ അടിയന്തര ധനസഹായമായി സർക്കാർ നൽകിയ 10,000 രൂപയിൽ നിന്ന് ഒരു ബാങ്ക് വായ്പ തിരിച്ചു പിടിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തുടർ നടപടി ചർച്ച ചെയ്യാൻ സംസ്ഥാനതല ബാങ്കേഴ്സ് അവലോകന സമിതി യോഗം വിളിച്ചു ചേർക്കുന്നത്. ഇതു സംബന്ധിച്ച് പരാതി പരിശോധിക്കാൻ വയനാട് ജില്ലാ കളക്ടർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി.
ദുരിതാശ്വാസ നിധിയിൽനിന്നു വിതരണം ചെയ്ത തുക പിട ിച്ച ബാങ്കിന്റെ നടപടി റദ്ദാക്കി പണം തിരിച്ചു കൊടുക്കാൻ ആവശ്യമായ നടപടിയും സ്വീകരിക്കും. ഇക്കാര്യവും എസ്എൽബിസി യോഗം ചർച്ച ചെയ്യും.
ദുരന്തത്തിന് ഇരയായവരുടെ വായ്പ തിരിച്ചു പിടിക്കാൻ സ്വകാര്യ പണമിടപാടു സ്ഥാപനങ്ങൾ ശ്രമിക്കുന്നുവെന്ന പരാതി രണ്ടാഴ്ച മുൻപു ചേർന്ന മന്ത്രിസഭയിൽ പരാതിയായി എത്തിയിരുന്നു. ഇത്തരക്കാർക്കെതിരേ നടപടി സ്വീകരിക്കാൻ അന്നു നിർദേശം നൽകിയിരുന്നു.
എന്നാൽ, ബാങ്കുകൾ തന്നെ ഇത്തരം നടപടി സ്വീകരിക്കുന്നതായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി.