വയനാട് ദുരന്തത്തിനിടെ വീണ്ടും പരിസ്ഥിതിലോല വിജ്ഞാപനം

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ ന്യൂ​ഡ​ൽ​ഹി: ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ വ​യ​നാ​ട്ടി​ലെ 13 വി​ല്ലേ​ജു​ക​ൾ ഉ​ൾ​പ്പെ​ടെ കേ​ര​ള​ത്തി​ലെ 9,993.70 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശം പ​രി​സ്ഥി​തിലോ​ല​മാ​യി (ഇ​എ​സ്എ) പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​ള്ള ക​ര​ടു വി​ജ്ഞാ​പ​നം കേ​ന്ദ്രം വീ​ണ്ടും പു​റ​പ്പെ​ടു​വി​ച്ചു.

കേ​ര​ളം അ​ട​ക്കം ആ​റ് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്‍റെ 56,800 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ മേ​ഖ​ല​ക​ളെ പ​രി​സ്ഥി​തി സം​വേ​ദ​ന​ക്ഷ​മ​ത​യു​ള്ള​താ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​ള്ള അ​ഞ്ചാ​മ​ത്തെ ക​ര​ട് വി​ജ്ഞാ​പ​ന​മാ​ണ് കേ​ന്ദ്ര വ​നം- പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ പി​റ്റേ​ന്നാ​യ ജൂ​ലൈ 31ലെ ​തീ​യ​തി വ​ച്ച് ഇ​ന്ന​ലെ പു​റ​ത്തി​റ​ക്കി​യ​ത്.

വ​യ​നാ​ട്ടി​ലെ മേ​പ്പാ​ടി, വൈ​ത്തി​രി വി​ല്ലേ​ജു​ക​ളും ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ വി​ല്ലേ​ജു​ക​ളും പ​രി​സ്ഥി​തിലോ​ല മേ​ഖ​ല​യി​ലു​ണ്ട്. പു​തി​യ ക​ര​ടി​നെ​ക്കു​റി​ച്ച് 60 ദി​വ​സ​ത്തി​ന​കം നി​ർ​ദേ​ശ​ങ്ങ​ളും എ​തി​ർ​പ്പു​ക​ളും സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണു നി​ഷ്ക​ർ​ഷ. ആ​റ് സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും വി​ജ്ഞാ​പ​നം അ​തേ​പ​ടി അം​ഗീ​ക​രി​ക്കു​ന്ന​തി​നോ​ട് ചി​ല വി​യോ​ജി​പ്പു​ക​ൾ തു​ട​രു​ന്നു​ണ്ട്.

2022 ജൂ​ലൈ ആ​റി​ന് പു​റ​ത്തി​റ​ക്കി​യ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ന്‍റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ജൂ​ണി​ൽ അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സ​മാ​ന വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത്. മാ​ധ​വ് ഗാ​ഡ്ഗിൽ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 2011ലാ​യി​രു​ന്നു കേ​ര​ള​ത്തി​ലെ ജ​ന​വാ​സ, തോ​ട്ടം, കൃ​ഷി​യി​ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി വി​വാ​ദ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച ആ​ദ്യവി​ജ്ഞാ​പ​നം കേ​ന്ദ്രം ഇ​റ​ക്കി​യ​ത്.

പ​രി​സ്ഥി​തിലോ​ല മേ​ഖ​ല​യി​ൽ നി​ല​വി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കും ന​വീ​ക​ര​ണ​ത്തി​നും മാ​ത്ര​മാ​ണ് അ​നു​മ​തി. ഇ​തൊ​ഴി​കെ​യു​ള്ള വ​ലി​യ നി​ർ​മാ​ണ പ​ദ്ധ​തി​ക​ളും ടൗ​ണ്‍ഷി​പ്പു​ക​ളും നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

പാ​റ​മ​ട​ക​ൾ അ​ട​ക്ക​മു​ള്ള ഖ​ന​നം, മ​ണ​ൽവാ​ര​ൽ, കാ​റ്റാ​ടി വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ എ​ന്നി​വ പൂ​ർ​ണ​മാ​യി നി​രോ​ധി​ക്ക​ണ​മെ​ന്ന് ക​ര​ടു വി​ജ്ഞാ​പ​നം നി​ർ​ദേ​ശി​ക്കു​ന്നു. അ​ന്തി​മവി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​ന്ന തീ​യ​തി മു​ത​ലോ നി​ല​വി​ലെ ഖ​ന​ന പാ​ട്ട​ത്തി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തു വ​രെ​യോ ഖ​ന​ന​ങ്ങ​ൾ ഘ​ട്ടം ഘ​ട്ട​മാ​യി നി​ർ​ത്ത​ലാ​ക്കേ​ണ്ട​താ​ണ്.

പു​തി​യ താ​പ​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളും ഇ​തു നി​രോ​ധി​ക്കു​ന്നു. നി​ല​വി​ലു​ള്ള പ​ദ്ധ​തി​ക​ൾ തു​ട​ർ​ന്നും പ്ര​വ​ർ​ത്തി​ക്കാ​മെ​ന്നും എ​ന്നാ​ൽ വി​പു​ലീ​ക​ര​ണം അ​നു​വ​ദി​ക്കി​ല്ലെ​ന്നും പ​റ​യു​ന്നു.