തിരുവനന്തപുരം: മുംബൈ-തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടായ സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. വിമാനത്തിന്റെ ശുചിമുറിയിലാണ് ടിഷ്യൂ പേപ്പറിൽ എഴുതിയ ഭീഷണി സന്ദേശം കണ്ടെത്തിയത്. തുടർന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ റൂമിനെ വിവരം അറിയിക്കുകയായിരുന്നു. വ്യാജ സന്ദേശമാണെന്നാണ് നിലവിലെ നിഗമനം.
മുംബൈയില്‍നിന്നു പുലർച്ചെ 5.45ന് ടേക്ഓഫ് ചെയ്ത വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്. വിമാനത്താവളത്തില്‍ വിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിംഗിന് സൗകര്യമൊരുക്കിയ ഉടന്‍തന്നെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍നിന്നു വിമാനം അടിയന്തരമായി ഇറക്കാന്‍ പൈലറ്റിന് നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് രാവിലെ 7.55 ഓടുകൂടി വിമാനം സുരക്ഷിതമായി ലാന്‍ഡിംഗ് നടത്തി.
വിമാനം രാവിലെ 8.10നാണ് തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്. വിമാനത്തില്‍ ജീവനക്കാരുള്‍പ്പെടെ 136 യാത്രാക്കാരാണുണ്ടായിരുന്നത്. വിമാനം ഐസലേഷന്‍ വേയില്‍ എത്തിച്ച് യാത്രക്കാരെ ഇറക്കിയശേഷം ടാക്സി വേയിലേക്ക് മാറ്റി സുരക്ഷാ വിഭാഗം പരിശോധന നടത്തി. ബോംബ് സ്ക്വാഡും പരിശോധനയ്ക്കായി എത്തിയിരുന്നു.
യാത്രക്കാരിൽ ആരെങ്കിലുമാണോ സന്ദേശം എഴുതിയതെന്നാണ് സംശയം. ഇതോടെ 135 യാത്രക്കാരെയും ചോദ്യം ചെയ്യാനാണ് നീക്കം. ഇതുവരെയുള്ള പരിശോധനയിൽ ബോംബ് കണ്ടെത്താനായില്ല. തിരുവനന്തപുരത്തു നിന്നും മുംബൈയിലേക്ക് പോകേണ്ടവർക്ക് പകരം വിമാനം ഏർപ്പെടുത്തി.