തിരുവനന്തപുരം: ആശ്വാസകിരണം പദ്ധതി വഴിയുള്ള ധനസഹായം ഒരു വർഷമായി നൽകുന്നില്ലെന്നു പരാതി. ആവശ്യത്തിനു ഫണ്ട് വകയിരുത്താത്തതാണ് പദ്ധതി വഴിയുള്ള ധനസഹായം നിലയ്ക്കാൻ കാരണമാകുന്നത്.
തീവ്രമായ ശാരിരിക-മാനസിക വെല്ലുവിളി നേരിടുന്നവർ, 100 ശതമാനം അന്ധത ബാധിച്ചവർ, ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ രോഗങ്ങൾ ബാധിച്ചവർ, പലവിധ രോഗങ്ങൾ കൊണ്ടു കിടപ്പിലാകുകയും ദൈനം ദിന കാര്യങ്ങൾക്ക് പരസഹായം ആവശ്യമായി വരികയും ചെയ്യുന്നവർ എന്നിവരെ പരിചരിക്കുന്നവർക്ക് പ്രതിമാസം 600 രൂപ നിരക്കിൽ ധനസഹായം നൽകുന്ന പദ്ധതിയാണ് ആശ്വാസകിരണം. 14 ജില്ലകളിലായി 19,229 ഗുണഭോക്താക്കളാണുള്ളത്.
2018 മാർച്ച് 31നു ശേഷം പദ്ധതിയിൽ ആരെയും ഉൾപ്പെടുത്തിയിട്ടില്ല. ആശ്വാസകിരണം പദ്ധതി വഴിയുള്ള കുടിശിക ധനസഹായം നൽകാൻ 50 കോടി വേണമെന്നാണു കണക്കാക്കുന്നത്. എന്നാൽ, 10 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. ഇതുവഴി ഒന്നര വർഷമായുള്ള കുടിശിക ഒരു വർഷമായി കുറയ്ക്കാനായി. പദ്ധതിയിൽ നിലവിലുള്ളവർക്കു പോലും കൃത്യമായി ധനസഹായം കൊടുക്കാൻ സാധിക്കാതെ വന്നതോടെയാണ് പുതിയ അപേക്ഷകൾ സ്വീകരിക്കേണ്ടതില്ലെന്ന നിലപാടിലേക്കു സർക്കാർ എത്തിച്ചേർന്നതത്രേ. ഓരോ നിയമസഭാ മണ്ഡലത്തിലും നിരവധി പേരാണ് ആശ്വാസകിരണം ഗുണഭോക്താക്കൾ ആകാൻ അപേക്ഷ നൽകിയിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പു നടന്ന വർഷമായ 2021-22 ൽ ആശ്വാസ കിരണം പദ്ധതിക്കായി 40 കോടി രൂപ സർക്കാർ വകയിരുത്തിയിരുന്നു. 2022-23ൽ തുക 25 കോടിയായി. 2023-24ൽ 15 കോടിയായി കുത്തനെ കുറഞ്ഞു. ഇപ്പോൾ 10 കോടിയായി.