ന്യൂഡൽഹി: കോൽക്കത്ത മെഡിക്കൽ കോളജിൽ ജൂണിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കേസെടുക്കുന്നതില്‍ കാലതാമസം വരുത്തിയ പശ്ചിമബംഗാള്‍ സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം.
ആശുപത്രി അധികൃതര്‍ എന്താണു ചെയ്തതെന്നും കോടതി ചോദിച്ചു. പ്രതിഷേധക്കാരുടെ മേല്‍ ബംഗാള്‍ സര്‍ക്കാർ അധികാരം അഴിച്ചുവിടരുതെന്നും കോടതി പറഞ്ഞു. കോല്‍ക്കത്ത പോലീസിനെതിരേയും കോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തി. എങ്ങനെയാണ് ജനക്കൂട്ടം ആശുപത്രിയിലെത്തിയതെന്നു കോടതി ചോദിച്ചു.
പുലര്‍ച്ചെയാണു ക്രൂരകൃത്യം നടന്നത്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അത് ആത്മഹത്യയായി മാറ്റാന്‍ ശ്രമിച്ചുവെന്ന് ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.
ബംഗാളില്‍ ക്രമസമാധാനനില പൂര്‍ണമായി പരാജയപ്പെട്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. കോല്‍ക്കത്ത പോലീസിന്റെ അനുമതിയോടെയാണ് ആള്‍ക്കൂട്ടം ആശുപത്രിയില്‍ പ്രവേശിച്ചത്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസ് അന്വേഷണം സിബിഐക്കു കൈമാറിയതായും അദ്ദേഹം പറഞ്ഞു.
ഡോക്ടറുടെ മരണത്തില്‍ പ്രതിഷേധിച്ചു തുടരുന്ന സമരം രോഗികള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. കുറ്റക്കാരെ കണ്ടെത്തണമെന്നും പ്രതികള്‍ക്ക് പരാമവധി ശിക്ഷ ഉറപ്പാക്കണമെന്നുമാണ് സമരം ചെയ്യുന്ന ഡോക്ടര്‍മാരുടെ ആവശ്യം.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നുള്ള ഉറപ്പമാണ് അവര്‍ക്കു വേണ്ടതെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.