ന്യൂഡൽഹി: കുരങ്ങുപനി എന്ന എം പോക്സ് ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലും ജാഗ്രതാനിർദേശം.
വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും അതിർത്തികളിലും നിരീക്ഷണം ശക്തമാക്കാനും പ്രധാനപ്പെട്ട ആശുപത്രികളിൽ പ്രത്യേക വാർഡുകൾ ക്രമീകരിക്കാനും കേന്ദ്രസർക്കാർ നിർദേശം നൽകി.
പാക്കിസ്ഥാനിലും ബംഗ്ലാദേശിലും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കുന്നത്. എംപോക്സ് ലക്ഷണങ്ങളോടെ എത്തുന്ന രോഗികളെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കാനും ചികിത്സിക്കാനും ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രി, ലേഡി ഹാർഡിംഗ് മെഡിക്കൽ കോളജ്, റാംമനോഹർ ലോഹ്യ ആശുപത്രി എന്നിവിടങ്ങളിൽ പ്രത്യേക വാർഡുകൾ ക്രമീകരിക്കും.
എംപോക്സ് രോഗികളെ ചികിത്സിക്കുന്നതിന് ആശുപത്രികളിൽ സൗകര്യമൊരുക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്രയുടെ അധ്യക്ഷതയിൽ ഞായറാഴ്ച ഡൽഹിയിൽ ഉന്നതതല യോഗം ചേർന്നിരുന്നു.
എംപോക്സ് പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യസംഘടന കഴിഞ്ഞദിവസം ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.