ന്യൂഡൽഹി: കോൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിൽ എട്ടാം ദിവസവും രാജ്യമെങ്ങും പ്രതിഷേധം. ഇന്നലെ ഡൽഹിയിൽ കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിനു മുന്നിൽ ഒപി സേവനങ്ങൾ ലഭ്യമാക്കിയാണു ഡോക്ടർമാർ പ്രതിഷേധിച്ചത്.
രാവിലെ 11 ഓടെ മന്ത്രാലയത്തിനു മുന്നിലെത്തിയ ഡോക്ടർമാർ മെഡിസിൻ, സർജറി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, പീഡിയാട്രിക്സ്, ഒഫ്താൽമോളജി, ഓർത്തോപീഡിക്സ് എന്നിവയുൾപ്പെടെ 36 ഓളം സ്പെഷാലിറ്റി സേവനങ്ങളാണ് രോഗികൾക്കു നൽകിയത്. എയിംസ് അടക്കമുള്ള ആശുപത്രികളിലെ റസിഡന്റ് ഡോക്ടർമാരാണു പ്രതിഷേധത്തിൽ പങ്കെടുത്തത്.
ആരോഗ്യപ്രവർത്തകരുടെയും സ്ഥാപനങ്ങളുടെയും സംരക്ഷണത്തിന് കേന്ദ്രസർക്കാർ നിയമം കൊണ്ടുവരണമെന്ന ആവശ്യവും ഡോക്ടർമാർ ഉന്നയിക്കുന്നുണ്ട്. ആരോഗ്യപ്രവർത്തകരുടെ സംരക്ഷണമടക്കമുള്ള വിഷയത്തിൽ ശക്തമായ നിയമനിർമാണം നടത്തുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണു ഡോക്ടർമാർ.
അതേസമയം, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവും ഡോക്ടർമാരും തമ്മിൽ ഇന്നലെയും ചർച്ച നടത്തി. ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് സമരം തുടരുമെന്ന് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ (എഫ്ഐഎംഎം) അറിയിച്ചു.
സുപ്രീംകോടതിയുടെ നിർദേശത്തിനായി കാത്തിരിക്കുകയാണെന്നും സംഘടന വ്യക്തമാക്കി. സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇന്നു പരിഗണിക്കും.