കോൽക്കത്ത: പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്നുവെന്ന കേസിലെ അന്വേഷണത്തിന്റെ ഭാഗമായി കോൽക്കത്ത ആർജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിനെ തുടർച്ചയായ രണ്ടാംദിവസവും സിബിഐ സംഘം ചോദ്യം ചെയ്തു.
വെള്ളിയാഴ്ച രാത്രി ഒൻപതരയോടെ തുടങ്ങിയ ചോദ്യംചെയ്യൽ ഇന്നലെ പുലർച്ചെ 1.40 വരെ നീണ്ടു. തുടർന്നു വിട്ടയച്ച അദ്ദേഹത്തെ ഇന്നലെ രാവിലെ പത്തരയോടെ രണ്ടാംഘട്ട ചോദ്യംചെയ്യലിനു വിധേയനാക്കി.
ഡോക്ടറുടെ മരണം അറിഞ്ഞത് എപ്പോഴാണ്, കുടുംബാംഗങ്ങളെ എന്താണ് അറിയിച്ചത്, പോലീസിനെ എങ്ങനെയാണു ബന്ധപ്പെട്ടത് തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരമാണ് ആദ്യ തവണ സിബിഐ തേടിയത്.
ഇതിനുപുറമെ ഇന്നലെ ഉച്ചയോടെ സിബിഐയുടെ മറ്റൊരു സംഘം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി തെളിവെടുപ്പ് നടത്തി. ശേഖരിച്ച ഏതാനും സാമ്പിളുകൾ സെൻട്രൽ ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ചു.
സിബിഐയുടെ മൂന്നാമത്തെ സംഘം, അറസ്റ്റിലായ പ്രതി സഞ്ജയ് റോയി സിവിക് വോളണ്ടിയറായി സേവനമനുഷ്ഠിച്ചിരുന്ന കോൽക്കത്ത പോലീസ് നാലാം ബറ്റാലിയന്റെ ബാരക്ക് സന്ദർശിച്ചു.
വെള്ളിയാഴ്ച രാവിലെ സഞ്ജയ് റോയി ബാരക്കിൽ എത്തിയ സമയം ഉൾപ്പെടെ പോലീസുകാരോട് അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചറിഞ്ഞു.
നാല്പതോളം പേരെ ചോദ്യം ചെയ്യുന്നതിനാണ് സിബിഐ തീരുമാനിച്ചിരിക്കുന്നത്. ഡോക്ടർമാരും പോലീസ് ഓഫീസർമാരും ഉൾപ്പെടെയാണിത്. ഇതിനകം 13 പേരെ ചോദ്യം ചെയ്തുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
കുറ്റകൃത്യത്തിൽ ഇതേ ആശുപത്രിയിലെ ഏതാനും ഡോക്ടർമാർക്കും ട്രെയിനി ഡോക്ടർമാർക്കും പങ്കുണ്ടെന്ന് കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കുടുംബാംഗങ്ങൾ ഇന്നലെ സിബിഐ മുൻപാകെ ബോധിപ്പിച്ചു.