ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഷേഖ് ഹസീന സ്വന്തം രാജ്യത്തേക്കു മടങ്ങുമെന്ന് മകന് സജീബ് വാസെദ് ജോയ്.
അവാമി ലീഗ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിലെ സംഭവവികാസങ്ങൾക്കു പിന്നിൽ പാക് ചാരസംഘടനയായ ഐഎസ്ഐയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യയില്‍ കഴിയുന്ന ഷേഖ് ഹസീന ബ്രിട്ടനില്‍ അഭയം തേടാന്‍ ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ബ്രിട്ടന് പ്രതികരിച്ചിട്ടില്ല. ബ്രിട്ടീഷ് വിദേശകാര്യമന്ത്രിയുമായി സംസാരിച്ചെങ്കിലും അനുകൂലമായ മറുപടി ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു.
അതേസമയം, ഹസീനയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചാൽ ഇന്ത്യയുമായി സഹകരിക്കുന്നത് പുനരാലോചിക്കേണ്ടിവരുമെന്ന് പ്രതിപക്ഷ ബിഎൻപി പാർട്ടി നേതാവ് ഗ്യാനേഷർ റോയ് പറഞ്ഞു. ബിഎൻപി ന്യൂനപക്ഷങ്ങൾക്ക് എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹസീനയെ ഇന്ത്യ അറസ്റ്റ് ചെയ്തു ബംഗ്ലാദേശിന് കൈമാറണമെന്ന ആവശ്യവുമായി ബംഗ്ലാദേശ് സുപ്രീംകോടതി ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു.