തിരുവനന്തപുരം: സ്കൂൾ പരീക്ഷകളിൽ വിജയിക്കാൻ ഓരോ സബ്ജക്ടിനും മിനിമം മാർക്ക് നടപ്പാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. എഴുത്തു പരീക്ഷയ്ക്ക് 30 ശതമാനം വീതം മാർക്ക് നേടുന്നവർക്കാണ് വിജയിക്കാനാകുക.
ഉദാഹരണത്തിന് 100 മാർക്കിന്റെ പരീക്ഷയിൽ 80 മാർക്ക് എഴുത്തു പരീക്ഷയ്ക്കും 20 മാർക്ക് അധ്യാപകർ വിലയിരുത്തുന്ന നിരന്തര മൂല്യനിർണയത്തിനുമായി നൽകും. ഇതിൽ എഴുത്തു പരീക്ഷയിൽ 24 മാർക്ക് നേടുന്ന കുട്ടിക്കാണ് ജയിക്കാനാകുക. 50 മാർക്കിന്റെ പരീക്ഷയിലാകുന്പോൾ 12 മാർക്ക് മിനിമം വേണം.
2024-25 അക്കാദമിക് വർഷം എട്ടാം ക്ലാസിലും 2025-26 വർഷം 8, 9 ക്ലാസുകളിലും 2026-27ൽ 8, 9, 10 ക്ലാസുകളിലും സബ്ജക്ട് മിനിമം നടപ്പാക്കാനാണ് തിരുമാനം. ഏതെങ്കിലും വിദ്യാർഥിക്ക് മിനിമം മാർക്ക് ലഭിക്കാതിരിക്കുന്ന സാഹചര്യമുണ്ടായാൽ പഠന പിന്തുണ നൽകി രണ്ടാഴ്ചയ്ക്കകം വീണ്ടും പരീക്ഷ എഴുതാനുള്ള അവസരം ഒരുക്കും.
എല്ലാ കുട്ടികൾക്കും മികച്ച അക്കാദമിക് നിലവാരം ഒരുക്കുകയാണു ലക്ഷ്യം. നിരന്തര മൂല്യനിർണയത്തിൽ ജാഗ്രത പുലർത്തുന്നതിനും മെരിറ്റ് മാത്രം പരിഗണിക്കുന്നതിനും പ്രത്യേക മാനദണ്ഡങ്ങൾ പുറപ്പെടുവിക്കും.