ജോർജ് കള്ളിവയലിൽ ന്യൂഡൽഹി: ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ 13 വില്ലേജുകൾ ഉൾപ്പെടെ കേരളത്തിലെ 9,993.70 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോലമായി (ഇഎസ്എ) പ്രഖ്യാപിക്കുന്നതിനുള്ള കരടു വിജ്ഞാപനം കേന്ദ്രം വീണ്ടും പുറപ്പെടുവിച്ചു.
കേരളം അടക്കം ആറ് സംസ്ഥാനങ്ങളിലായി പശ്ചിമഘട്ടത്തിന്റെ 56,800 ചതുരശ്ര കിലോമീറ്റർ മേഖലകളെ പരിസ്ഥിതി സംവേദനക്ഷമതയുള്ളതായി പ്രഖ്യാപിക്കുന്നതിനുള്ള അഞ്ചാമത്തെ കരട് വിജ്ഞാപനമാണ് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം വയനാട് ദുരന്തത്തിന്റെ പിറ്റേന്നായ ജൂലൈ 31ലെ തീയതി വച്ച് ഇന്നലെ പുറത്തിറക്കിയത്.
വയനാട്ടിലെ മേപ്പാടി, വൈത്തിരി വില്ലേജുകളും ഇടുക്കി, കോട്ടയം ജില്ലകളിലെ വില്ലേജുകളും പരിസ്ഥിതിലോല മേഖലയിലുണ്ട്. പുതിയ കരടിനെക്കുറിച്ച് 60 ദിവസത്തിനകം നിർദേശങ്ങളും എതിർപ്പുകളും സമർപ്പിക്കണമെന്നാണു നിഷ്കർഷ. ആറ് സംസ്ഥാന സർക്കാരുകളും ജനപ്രതിനിധികളും വിജ്ഞാപനം അതേപടി അംഗീകരിക്കുന്നതിനോട് ചില വിയോജിപ്പുകൾ തുടരുന്നുണ്ട്.
2022 ജൂലൈ ആറിന് പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞ ജൂണിൽ അവസാനിച്ചതിനെ തുടർന്നാണ് സമാന വിജ്ഞാപനം ഇറക്കിയത്. മാധവ് ഗാഡ്ഗിൽ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2011ലായിരുന്നു കേരളത്തിലെ ജനവാസ, തോട്ടം, കൃഷിയിടങ്ങൾ ഉൾപ്പെടുത്തി വിവാദ പരിസ്ഥിതി ലോല മേഖലകളായി പ്രഖ്യാപിച്ച ആദ്യവിജ്ഞാപനം കേന്ദ്രം ഇറക്കിയത്.
പരിസ്ഥിതിലോല മേഖലയിൽ നിലവിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനും മാത്രമാണ് അനുമതി. ഇതൊഴികെയുള്ള വലിയ നിർമാണ പദ്ധതികളും ടൗണ്ഷിപ്പുകളും നിരോധിച്ചിട്ടുണ്ട്.
പാറമടകൾ അടക്കമുള്ള ഖനനം, മണൽവാരൽ, കാറ്റാടി വൈദ്യുത പദ്ധതികൾ എന്നിവ പൂർണമായി നിരോധിക്കണമെന്ന് കരടു വിജ്ഞാപനം നിർദേശിക്കുന്നു. അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി മുതലോ നിലവിലെ ഖനന പാട്ടത്തിന്റെ കാലാവധി അവസാനിക്കുന്നതു വരെയോ ഖനനങ്ങൾ ഘട്ടം ഘട്ടമായി നിർത്തലാക്കേണ്ടതാണ്.
പുതിയ താപവൈദ്യുത പദ്ധതികളും ഇതു നിരോധിക്കുന്നു. നിലവിലുള്ള പദ്ധതികൾ തുടർന്നും പ്രവർത്തിക്കാമെന്നും എന്നാൽ വിപുലീകരണം അനുവദിക്കില്ലെന്നും പറയുന്നു.