ബെർലിൻ: ജർമനിയിലെ ലോവർ സാക്സണി സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഹാന്നോവറിന്റെ പ്രാന്തപ്രദേശത്ത് അഭയാർഥിയായ ഇറാക്കുകാരന്റെ കുത്തേറ്റ് 61 കാരൻ മരിച്ചു.
അഭയാർഥികൾ താമസിച്ചിരുന്ന ഹോട്ടലിന്റെ ഉടമയാണ് കുത്തേറ്റുമരിച്ചത്. തിങ്കളാഴ്ച രാവിലെ ഇയാളെ ആക്രമിച്ചു മുങ്ങിയ പ്രതിയെ വൈകിട്ടുതന്നെ അറസ്റ്റ്ചെയ്ത് കോടതിയിൽ ഹാജരാക്കി.
തിങ്കളാഴ്ച തന്നെ ഹെസ്സെ സംസ്ഥാനത്തിലെ ദരംസ്റ്റാട്ടിൽ അഫ്ഗാനിസ്ഥാനിൽനിന്നുള്ള ഒരഭയാർഥി റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് തന്റെ കാർ ഇടിച്ചുകയറ്റി കാറുടമയെ പരിക്കേൽപ്പിച്ചു.
ട്രാഫിക് ലൈറ്റുകൾ അവഗണിച്ച് അതിവേഗത്തിൽ കാറോടിച്ചുവന്ന അക്രമിയുടെ പരാക്രമം കണ്ട് കാൽനടയാത്രക്കാർ ഓടി മാറി. ദൈവത്തിന്റെ കല്പനപ്രകാരമാണ് താൻ പ്രവർത്തിച്ചതെന്ന് അറസ്റ്റിലായ അക്രമി പറഞ്ഞതായി ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.