ന്യൂഡൽഹി: മകളുടെ മരണത്തെത്തുടർന്ന് ഇടക്കാല ജാമ്യം തേടി പോപ്പുലർ ഫ്രണ്ട് നേതാവ് ഒ.എം.എ. സലാം സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി.
കഴിഞ്ഞ ഏപ്രിലിൽ തന്റെ മകൾ വാഹനാപകടത്തിൽ മരിച്ചു. ഇതേത്തുടർന്ന് ദുഃഖിതരായ കുടുംബത്തോടൊപ്പം ഉണ്ടാകാൻ ആഗ്രഹിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് സലാം ഇടക്കാല ജാമ്യാപേക്ഷ സമർപ്പിച്ചത്.
യുഎപിഎ കേസിലാണ് അദ്ദേഹം അറസ്റ്റിലായതെന്നും അദ്ദേഹത്തിനെതിരേ ചുമത്തിയ കേസിൽ ഇടക്കാല ജാമ്യം അനുവദിക്കാനാകില്ലെന്നും ജസ്റ്റീസുമാരായ പ്രതിബ എം.സിംഗ്, അമിത് ശർമ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
സലാം സ്വാധീനമുള്ള വ്യക്തിയാണെന്നും അതിനാൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നും കോടതി നിരീക്ഷിച്ചു. നേരത്തേ വിചാരണക്കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു.
2022ലാണ് അന്നത്തെ പിഎഫ്ഐ ചെയർമാനായിരുന്ന സലാമിനെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്.