കോൽക്കത്ത: പശ്ചിമബംഗാളിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ പിജി ഡോ ക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്ന കേസിലെ മുഖ്യപ്രതി സഞ്ജയ് റോയിയുടെ നുണപരിശോധന കോൽക്കത്ത പ്രസിഡൻസി ജയിലിൽ പൂർത്തിയായി.
കോൽക്കത്തയിലെ സിബിഐ ഓഫീസിൽ മറ്റു രണ്ടുപേരുടെ നുണപരിശോധനയും പൂർത്തിയായെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു. മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് ഉൾപ്പെടെ നാലുപേരെ ശനിയാഴ്ച നുണപരിശോധനയ്ക്കു വിധേയരാക്കിയിരുന്നു.
സഞ്ജയ് റോയി, സന്ദീപ് ഘോഷ് എന്നിവരുൾപ്പെടെ ഏഴു പേർക്കു നുണപരിശോധന നടത്താനുള്ള അനുമതി സിബിഐക്കു ലഭിച്ചിരുന്നു. പരിശോധനാ ഫലം കോടതിയിൽ തെളിവായി സ്വീകരിക്കില്ലെങ്കിലും മുന്നോട്ടുള്ള അന്വേഷണത്തിനു സഹായകരമായ വിരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയാണ് അന്വേഷണസംഘത്തിന്. ഡൽഹിയിലെ സെൻട്രൽ ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽനിന്നുള്ള (സിഎഫ്എസ്എൽ) സംഘമാണു പരിശോധന നടത്തുന്നത്.
കഴിഞ്ഞ ഒന്പതിനു പുലർച്ചെയാണു മെഡിക്കൽ കോളജിലെ സെമിനാർ ഹാളിൽനിന്ന് 31കാരിയായ പിജി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഇതിന്റെ പിറ്റേന്നാണ് കോൽക്കത്ത പോലീസിന്റെ സിവിക് വോളണ്ടിയറായി പ്രവർത്തിച്ചിരുന്ന സഞ്ജയ് റോയിയെ അറസ്റ്റ്ചെയ്തത്. മൃതദേഹത്തിനു സമീപത്തുനിന്നും ഇയാളുടെ ബ്ലൂടൂത്ത് സ്പീക്കറിന്റെ ഭാഗങ്ങൾ ലഭിച്ചതുൾപ്പെടെയാണ് അറസ്റ്റിലേക്കു നയിച്ചത്. പുലർച്ചെ ഇയാൾ സെമിനാർ ഹാളിലേക്കു കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം പിന്നീട് കണ്ടെത്തുകയും ചെയ്തു.
മെഡിക്കൽ കോളജ് ആശുപത്രിയിലെ സാന്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ വസതി ഉൾപ്പെടെ പതിമൂന്നു കേന്ദ്രങ്ങളിൽ സിബിഐ സംഘം പരിശോധന നടത്തി. ആശുപത്രിയിലേക്കു സാധനങ്ങൾ എത്തിക്കുന്നതിന്റെ കരാറുകൾ സ്വന്തമാക്കിയ സ്ഥാപനങ്ങളിലും പരിശോധനയുണ്ടായിരുന്നു.