തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എഎവൈ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും കശുവണ്ടിപ്പരിപ്പ് അടക്കം 13 ഇനം അവശ്യസാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാനുള്ള നിർദേശത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇതിന് 34.29 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിച്ചു. റേഷൻകടകൾ മുഖേനയാണ് വിതരണം.
ആകെ 5,99,000 കിറ്റുകളാണ് വിതരണം ചെയ്യുക. തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാന്പാർപൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ്, എന്നീ ഇനങ്ങളോടൊപ്പം തുണിസഞ്ചിയും നൽകും.
വയനാട് ദുരന്തമേഖലയിലെ റേഷൻ കാർഡ് ഉടമകൾക്കും കിറ്റ്
തിരുവനന്തപുരം: വയനാട് ഉരുൾപ്പൊട്ടലിനെ തുടർന്നുള്ള ദുരന്തബാധിത പ്രദേശങ്ങളിലെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.