കോൽക്കത്ത: ആർ.ജി.കർ മെഡിക്കൽകോളജ് ആശുപത്രിയിൽ വനിതാ ഡോക്ടർ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ഊർജിതമാക്കുന്നു. ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെയും നാലു ഡോക്ടർമാരുടെയും നുണപരിശോധന നടത്താൻ അനുമതി തേടി സിബിഐ കോടതിയെ സമീപിച്ചു.
ഡോക്ടർ കൊല്ലപ്പെട്ടതിനു പിന്നാലെ രൂക്ഷമായ ആരോപണങ്ങളാണ് ആർ.ജി. കർ മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റൽ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെതിരെ ഉയരുന്നത്. 2021ലാണ് സന്ദീപ് ഘോഷ് ചുമതലയേൽക്കുന്നത്.
സന്ദീപ് ഘോഷ് പ്രിൻസിപ്പൽ ആയിരുന്ന കാലത്ത് മെഡിക്കൽ കോളജിൽ നടന്നത് സമാനതയില്ലാത്ത അഴിമതിയും കുറ്റകൃത്യങ്ങളുമെന്നാണ് ആരോപണം. മെഡിക്കൽ കോളജിലേക്ക് എത്തുന്ന അജ്ഞാത മൃതദേഹങ്ങൾ നിയമാനുസൃതമല്ലാത്ത രീതിയിൽ ഉപയോഗിക്കപ്പെട്ടതിൽ സന്ദീപ് ഘോഷിന് പങ്കുണ്ടെന്നാണ് പ്രധാന ആരോപണം.