തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടമായവരെ പുനരധിവസിപ്പിക്കുന്നതിനായി സർക്കാർ നിർമിക്കാൻ ഉദ്ദേശിക്കുന്ന ടൗണ്‍ഷിപ്പുകൾ അഞ്ച് സ്ഥലങ്ങളിൽ ആകാമെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്.
ടൗണ്‍ ഷിപ്പ് നിർമാണത്തിന് സർക്കാർ ചൂണ്ടിക്കാട്ടിയ 24 സ്ഥലങ്ങളിൽ അഞ്ചിടങ്ങളാണ് വീടു നിർമാണത്തിന് ഉചിതമെന്നു വ്യക്തമാക്കി ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്.
ദുരന്ത സാധ്യതയില്ലെന്നും വീടു നിർമാണത്തിന് ഉചിതമെന്നും ചൂണ്ടിക്കാട്ടിയ അഞ്ചു സ്ഥലങ്ങളും വയനാട് വൈത്തിരി താലൂക്കിലെ മേപ്പാടിക്കു സമീപമുള്ള പ്രദേശങ്ങളാണ്. ഇതിൽ ഏതു സ്ഥലം ടൗണ്‍ഷിപ്പിനായി തെരഞ്ഞെടുക്കണമെന്ന കാര്യത്തിൽ സർക്കാരാകും അന്തിമ തീരുമാനം എടുക്കുക.
ഉരുൾപൊട്ടൽ ദുരന്തം തകർത്തെറിഞ്ഞ ചൂരൽമലയിലെ ചില പ്രദേശങ്ങൾ വീടു നിർമാണത്തിന് ഉചിതമാകുമെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇനി ഇവിടേയ്ക്കു മടങ്ങിയെത്താൻ കഴിയുമോ എന്ന ജനങ്ങളുടെ മാനസികാവസ്ഥ കൂടി പരിഗണിച്ചാകും ചൂരൽമലയിലെ പുനരധിവാസ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.