വഖഫ് ബോർഡ് ഭേദഗതി ജോയിന്റ് പാർലമെന്ററി കമ്മിറ്റി മുടിനാരിഴകീറി പരിശോധിച്ച് അധികം വൈകാതെതന്നെ അനുകൂലമായ റിപ്പോർട്ട് നൽകും എന്നു വിശ്വസിക്കുന്ന ഒരു മുസ്ലിം മതവിശ്വാസിയാണ് ഞാൻ. ഒരുപറ്റം സമ്പന്ന സവർണ മുസ്ലിം ഭൂമാഫിയാ പ്രമാണിമാരുടെ കൈയിൽനിന്ന് വഖഫ് ബോർഡിനെയും സ്വത്തിനെയും മോചിപ്പിക്കാനുള്ള നീക്കമാണ് പുതിയ ഭേദഗതി ബില്ല്.
വിശ്വാസികൾ അള്ളാഹുവിനു നൽകുന്ന കാണിക്കയാണല്ലോ വഖഫ് സ്വത്ത്.18 കോടി ഇന്ത്യൻ മുസ്ലിംകൾക്കും സർവോപരി ഈ രാജ്യത്തിനാകെയും അവകാശപ്പെട്ട കോടാനുകോടി രൂപയുടെ സ്വത്ത് കൈയേറിയ ദീനിന്റെ ശത്രുക്കളുടെ കൈയിൽനിന്ന് സ്വത്ത് സംരക്ഷിക്കാനുള്ള ധീരമായ നീക്കമാണ് ഈ ബില്ല്.
ഏതാനും വർഷം മുമ്പ് കണ്ണൂർ ജില്ലയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിൽ അഞ്ചരക്കണ്ടിക്കടുത്ത് ഒരു മഹല്ലിൽ കമ്മിറ്റി ഭാരവാഹികളും കുറെ മുസ്ലിം കുടുംബങ്ങളും തമ്മിൽ പൊരിഞ്ഞ അടി നടന്നു. മോസ്കിന്റെ ചുറ്റുമുള്ള വഖഫ് സ്വത്ത് പഴയ മഹല്ല് കമ്മിറ്റി പ്രമാണിമാർ കള്ളരേഖ ഉണ്ടാക്കി മറിച്ചുവിറ്റതാണു സംഭവം.
ഇതുപോലെ തമിഴ്നാട്ടിൽ ഒരു കൃഷിക്കാരൻ അയാളുടെ സ്ഥലം വിൽക്കാൻ ശ്രമിക്കുമ്പോഴാണ് അറിയുന്നത് അയാളുടെ സ്വത്തും ആ ഗ്രാമത്തിലെ ശിവക്ഷേത്രവും ഉൾപ്പെടെ വഖഫ് ഭൂമിയാണെന്ന്.
2000 വർഷം പഴക്കമുള്ള ക്ഷേത്രം എങ്ങനെയാണ് മുസ്ലിംകളുടേതാവുക?
ഇനി മറ്റൊരു കഥ പറയാം; നമ്മുടെ തൊട്ടടുത്ത കർണാടകത്തിൽ വിശേഷിച്ച് മൈസൂരു, ബംഗളൂരു നഗരങ്ങളിൽ 26,000 ഏക്കർ ഭൂമിയാണ് ഇതുപോലെ കൈയേറിയത്. അതിൽ ഒരു മുൻ കേന്ദ്രമന്ത്രി നൂറുകണക്കിനു വഖഫ് സ്വത്ത് കൈയേറി എൻജിനിയറിംഗ് കോളജ് സ്ഥാപിച്ചിരിക്കുന്നു. ഇതുപോലെ ഇന്ത്യയിൽ നൂറുകണക്കിന് സംഭവങ്ങളുണ്ട്.
ഇത്തരം വിഷയങ്ങൾ കോൺഗ്രസ് ഭരണകാലത്ത് ഞാൻ പാർലമെന്റിൽ ഉന്നയിച്ചതാണ്. പക്ഷേ പാർലമെന്റിനോ കോടതിക്കോ ആർക്കും നിയന്ത്രിക്കാൻ പറ്റാത്ത അമിതാധികാര കേന്ദ്രമാണ് ബോർഡ്!
എങ്ങനെ സംഭവിച്ചു?
വഖഫ് ദാനം ചെയ്യുന്ന ഭൂമി മാത്രമല്ല, പുതിയൊരു അധികാരംകൂടി ഇവർക്ക് കിട്ടിയിട്ടുണ്ട് – മുസ്ലിംകൾ ഉപയോഗിക്കുക്കുന്ന പൊതുസ്ഥലങ്ങൾ വഖഫിനു പിടിച്ചെടുക്കാം. വർഷത്തിൽ ഒന്നോ രണ്ടോ ദിവസം ഇന്ത്യയിലെ നഗരങ്ങളിലെല്ലാം പൊതുമൈതാനങ്ങളിൽ ഈദ് നമസ്കാരം നടക്കാറുണ്ട്.
ഇത്തരം വിഷയങ്ങളാണ് ഈ ഭേദഗതി ബില്ല് മുന്നോട്ടു വയ്ക്കുന്നത്.
കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ കേരളത്തിലെ മുസ്ലിം നേതാക്കന്മാർ എല്ലാവരും നാഴികയ്ക്ക് നാൽപ്പതുവട്ടം മൊഴിയുന്ന ഒരു പേരുണ്ട് രജീന്ദ്ര സിംഗ് സച്ചാർ. സച്ചാർ കമ്മീഷൻ റിപ്പോർട്ടിൽ വഖഫ് സ്വത്തിനെപ്പറ്റി പറയുന്ന ഒരു വാക്യമുണ്ട്. അതിങ്ങനെയാണ്:
ഇന്ത്യയിൽ ഡിഫൻസിനും റെയിൽവേക്കും ഉള്ളതുപോലെ വലിയ ഭൂസ്വത്തിന്റെ ഉടമയാണ് വഖഫ് ബോർഡ്.
ആ സ്ഥലമെല്ലാം തിരിച്ചുപിടിച്ചെടുത്തു വരുമാനം ഉണ്ടാക്കിയാൽ ഇന്ത്യയിലെ മുസ്ലിംകളുടെ മുഴുവൻ പട്ടിണി മാറ്റാൻ സാധിക്കും.” അതുകൊണ്ടാണ് വഖഫ് ഭേദഗതി ബില്ല് അവതരിപ്പിച്ചുകൊണ്ട് മന്ത്രി കിരൺ റിജിജു പാർലമെന്റിൽപറഞ്ഞത്, ഈ ഭേദഗതി സച്ചാർ കമ്മീഷൻ വികാരം ഉയർത്തിപ്പിടിച്ചുകൊണ്ടുള്ളതാണെന്ന്.
ഈ ബില്ലിനെ ഏറ്റവും ശക്തമായി വിമർശിക്കുന്നത് ഇ.ടി. മുഹമ്മദ് ബഷീറും കെ.സി. വേണുഗോപാലുമാണ്. അവർ ചോദിക്കുന്നത്, അയോധ്യ രാമക്ഷേത്രത്തിലും ഗുരുവായൂർ അമ്പലത്തിലും മറ്റു മതത്തിൽപ്പെട്ടവരെ ഭരണസമിതിയിൽ അംഗങ്ങളാക്കുമോ എന്നാണ്. ചോദ്യത്തിൽ യുക്തിയുണ്ട്. പക്ഷേ, ഈ ബില്ല് മോസ്കിനെയോ മദ്രസയെയോ കൈകാര്യം ചെയ്യുന്ന വിഷയമല്ല. അതിന് മദ്രസ ബോർഡുകളുണ്ട്, ഹജ്ജ് കമ്മിറ്റിയുണ്ട്, മഹല്ല് കമ്മിറ്റികളുണ്ട്. അതിലൊന്നുമല്ല ഭേദഗതി വരുന്നത്.
ഇത് ഒരു വിശ്വാസി തന്റെ സ്വത്ത് സമൂഹത്തിന്, വിദ്യാഭ്യാസത്തിന്, വ്യവസായത്തിന്, വാണിജ്യത്തിന്, ജീവകാരുണ്യത്തിന്, നാടിന്റെ പുരോഗതിക്കുവേണ്ടി സമർപ്പിക്കുന്നത് കൈകാര്യം ചെയ്യാനാണ്. അതുകൊണ്ട് അതിൽ മറ്റു സമുദായത്തിൽനിന്നുള്ളവരും ആകാം എന്ന് തീരുമാനിക്കുന്നു. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ന്യൂനപക്ഷ വകുപ്പിന്റെയും ഡിപ്പാർട്ട്മെന്റിന്റെയും തലപ്പത്ത് ഐഎസുകാർ ഉൾപ്പെടെയുള്ള പല സമുദായത്തിൽപ്പെട്ട എത്ര ഉദ്യോഗസ്ഥന്മാർ ചുമതല വഹിക്കുന്നുണ്ട്!
ഇന്ത്യയിൽ കഴിഞ്ഞ മൂന്നുവർഷമായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനായി പ്രവർത്തിക്കാൻ അവസരം കിട്ടിയ ഒരാളാണ് ഈ ലേഖകൻ. മുംബൈയിൽ 18 നിലകളുള്ള അംബരചുംബിയായ കെട്ടിടത്തിലാണ് കേന്ദ്ര ഹജ്ജ് ഹൗസ് പ്രവർത്തിക്കുന്നത്. സമ്പന്നമാണ് ഇന്ത്യൻ ഹജ്ജ് കമ്മിറ്റി. ഞാനവിടെ പോയപ്പോൾ കണ്ടത് കച്ചവടത്തിന്റെയും കമ്മീഷന്റെയും അഴിമതിയുടെയും ഒരു കേന്ദ്രമാണ്. ഹജ്ജ് ഒരു വലിയ കച്ചവടമാക്കിയ കുറെ ഉദ്യോഗസ്ഥരുടെയും മുസ്ലിം പ്രമാണിമാരുടെയും ട്രാവൽ ഏജന്റ്മാരുടെയും വിളനിലമാണ്. അതു മുഴുവൻ ക്ലീൻ ചെയ്യാൻ ഈ ചെറിയ കുട്ടിക്ക് ധൈര്യം കിട്ടിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശീർവാദം ഉള്ളതുകൊണ്ടാണ്.