എടക്കര: കാട്ടാന ആക്രമണത്തിൽ പൊറുതിമുട്ടി കോടാലിപ്പൊയിൽ നിവാസികൾ. കാടിറങ്ങിയ ഒറ്റയാൻ നാശംവിതച്ചു. കേടാലിപ്പൊയിൽ പള്ളിപ്പടി അങ്ങാടിയോട് ചേർന്ന നായ്ക്കത്ത് ഹുസൈന്റെ മൂപ്പെത്താറായ വാഴകൾ, തെങ്ങ്, കമുക് എന്നിവയാണ് ഒറ്റയാൻ നശിപ്പിച്ചത്. രാത്രി പന്ത്രണ്ട് മണിയോടെയാണ് ആന കൃഷിയിടത്തിലെത്തിയത്.
കഴിഞ്ഞ ദിവസം പള്ളിപ്പടി വടക്കുപാടം ഉമ്മർ ഹാജിയുടെ വീടിനോട് ചേർന്ന മതിൽ തകർക്കുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. ചക്കക്കാലമായതോടെ ജനവാസസ കേന്ദ്രങ്ങളിലെ കൃഷിയിടങ്ങളിൽ നിന്ന് കാട്ടാനകൾ ഒഴിയുന്നില്ല.
ആനകളെ തടയാൻ വനംവകുപ്പ് നടപടി സ്വീകരിക്കാത്തത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. സന്ധ്യയായാൽ വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് കോടാലിപ്പൊയിൽ നിവാസികൾ.