ഇടുക്കി: ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഇടുക്കിയിലെ വിവിധ ഇടങ്ങളില്‍ നിന്ന് കഞ്ചാവും ചാരായവും പിടികൂടി. എക്സൈസ് ആണ് പരിശോധന നടത്തി പിടികൂടിയത്.
രാജാക്കാട് കള്ളിമാലിക്കരയില്‍ സുരേഷ് ആര് എന്നയാളെ 1.4 കിലോഗ്രാം കഞ്ചാവ് സഹിതം എക്സൈസ് അറസ്റ്റ് ചെയ്തു. കൂടാതെ രാജാക്കാട് ആനപ്പാറ ഉണ്ടമലക്കരയില്‍ സൈബു തങ്കച്ചന് എന്നയാള്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് 12.38 കിലോഗ്രാം കഞ്ചാവ്, 25 ലിറ്റര്‍ വാറ്റ് ചാരായം, 150 ലിറ്റര്‍ കോട, വാറ്റ് ഉപകരണങ്ങള്‍, കഞ്ചാവ് തൂക്കാന്‍ ഉപയോഗിക്കുന്ന ത്രാസ് വാഹനത്തില്‍ പതിക്കുന്ന വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ എന്നിവയും എക്സൈസ് കണ്ടെടുത്തു.
സൈബു തങ്കച്ചന് ഒളിവിലാണ്. പരിശോധനയ്ക്ക് എത്തിയപ്പോള്‍ വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ വില്ലേജ് ഓഫീസറിന്റെയും, പഞ്ചായത്ത് മെമ്പറിന്റെയും സാന്നിധ്യത്തില്‍ വീട് തുറന്നാണ് പരിശോധന നടത്തിയത്. പ്രതി സൈബു തിരുവനന്തപുരം പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ 10.5 കിലോഗ്രാം ഹാഷിഷ് ഓയില്‍ കേസിലെ പ്രതിയാണ്.
സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്, ഇടുക്കി ഡിസി സ്ക്വാഡിലെ അംഗങ്ങള്‍, ഉടുമ്പന്‍ ചോല എക്സൈസ് എന്നിവര്‍ ചേര്‍ന്നായിരുന്നു ലഹരി വേട്ട.